Tuesday 12 February 2013

പുസ്തകത്താളിലെ മണൽ മടക്കുകളിലൂടെ



പ്രവാസം ചുട്ടുപഴുക്കാന്‍ തുടങ്ങിയിരിക്കുന്നു. വരികളില്‍ നിന്നും വീശിയെത്തിയ ചുടുകാറ്റ് പ്രവാസിയായ എന്റെ ജീവിത ക്ലേശങ്ങളെയും ഓര്‍മ്മപ്പെടുത്തുകയായിരുന്നു. എങ്കിലും, കിണറുകളും, മരുപ്പച്ചകളും തേടിനടന്ന എട്ടുവര്‍ഷങ്ങളിലെ അടയാളപ്പെടുത്തലുകള്‍ മരുഭൂമിയിലെ തെളിഞ്ഞ നീരുറവയിലേക്കാണെന്നെ കൂട്ടിക്കൊണ്ടു പോയത്.

'അറേബ്യ അതിന്റെ പ്രാചീനതയില്‍ കഴിയുന്നത് മരുഭൂമികളില്‍ മാത്രമാണ്' എന്ന യാഥാര്‍ത്ഥ്യ ബോധത്തോടെ മരുക്കാട്ടിലേക്ക് തൂലിക ചലിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആയുസ്സിന്റെ ഇല പൊഴിയുന്നതു വരെ, ആ തൂലികക്കൊപ്പം ഞാനും ഒരു യാത്രക്ക് തയ്യാറെടുത്തു.

15 അദ്ധ്യായങ്ങളിലായി പരന്നു കിടക്കുന്നു നീണ്ട എട്ടുവര്‍ഷക്കാലത്തെ കുറിപ്പുകൾ.   ഭാഷയില്ലാത്ത വാക്കുകൾ, ഭൂമി അപ്രത്യക്ഷമായ മുനമ്പിൽ, ഗൂഢ ലിപികളില്‍ കൊത്തിയ ജലഭൂപടം, അതിജീവനത്തിന്റെ താരാപഥം, മണല്‍ക്കെണിയിലെ മിടിപ്പ്, ലോകത്തിന്റെ ഞെരമ്പ് പാഞ്ഞ നഗരം, മരങ്ങളില്ലാത്ത കാട്ടിൽ, നിലാവ് കോരിക്കുടിച്ച കള്ളിമുള്‍ച്ചെടികള്‍ തുടങ്ങി അദ്ധ്യായങ്ങളുടെ പേരുകളിലെ വൈവിധ്യം തന്നെ ഏതൊരു വായനക്കാരനെയും മണല്‍പരപ്പിനു മുകളിലൂടെ നടത്തിക്കൊണ്ടു പോകുക തന്നെ ചെയ്യും.

ഒരിക്കലും മറക്കാനാകാത്ത വിധം മനസ്സില്‍ കുറിച്ചിട്ടു പോകുന്ന അനുഭവങ്ങളിലൂടെയാണ് മുസഫര്‍ അഹമ്മദ് 'മരുഭൂമിയുടെ ആത്മകഥ'യിലേക്കുള്ള യാത്രയാരംഭിക്കുന്നത്.

സമീപ ഭാവിയില്‍ ബ്ലൂ പെട്രോള്‍ എന്നറിയപ്പെടാനിരിക്കുന്ന ജലത്തിന് വേണ്ടിയായിരിക്കും ഇനി നടക്കാനിരിക്കുന്ന യുദ്ധങ്ങളേറെയും. ഞാന്‍ എന്നോ വായിച്ചു മറന്നുപോയ ഈ വരികള്‍ മനസ്സില്‍ കൃത്യമായി പതിഞ്ഞത്, ഹര്‍ബുല്‍ മാഅ് അഥവാ ജലയുദ്ധം എന്ന ഒന്നാമദ്ധ്യായത്തിലെ ലേഖകന്റെ അനുഭവത്തിലൂടെയായിരുന്നു. 'ജലയുദ്ധങ്ങള്‍ മരുഭൂമിയുടെ ആത്മകഥയാണ്. ഒരു കിണറിനു വേണ്ടി, ഒരു മരുപ്പച്ചക്കു വേണ്ടി  ഗോത്രങ്ങള്‍ എത്രയോ നാള്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നു, എത്രയോ പേര്‍ മരിച്ചു വീണിരിക്കുന്നു' എനിക്കൊരുകാര്യം ഉറപ്പായി. ഭാവിയിലല്ല, ചരിത്രം എഴുതുവാന്‍ തുടങ്ങുന്നതിനു മുമ്പേ തന്നെ ജലയുദ്ധങ്ങള്‍ക്ക് തുടക്കമായിട്ടുണ്ടാകണം. അപ്രതീക്ഷിതമായി പെയ്തു വീണ ചില മഴത്തുള്ളികള്‍, അറബിയായ സഹയാത്രികന്‍ അബ്ദുല്‍ അസീസ് അവന്റെ മൂര്‍ധാവിലേക്ക് തേച്ചു പിടിപ്പിച്ച് 'ഇനിയെന്നാണ് മഴ വരുമെന്നറിയില്ലല്ലോ' എന്നു പറയുന്ന ഭാഗമെത്തുമ്പോള്‍ ഒരു നിമിഷം, തുലാവര്‍ഷ പുലരികളില്‍ നനയാതെ വിട്ട ആ മഴത്തുള്ളികള്‍ക്ക് വേണ്ടി എന്റെ മനസ്സിനൊപ്പം ശരീരവും ദാഹിക്കുകയായിരുന്നു.

നാഫ്ത്തയിലെ തോട്ടത്തില്‍ പാമ്പു വിഴുങ്ങിയ നേപ്പാളിയുടെ മരണം, കരളില്‍ വീഴുന്ന കനലായി മാറുന്നു പ്രിയ മുസഫർ. മരണത്തിന്റെ പൊള്ളല്‍ എന്ന അദ്ധ്യായം, താങ്കളുടെ സമ്മതത്തോടെ  ഞാനെന്റെ ജീവിത ചുറ്റുപാടുകളിലേക്ക് ചേര്‍ത്തു വെക്കുന്നു. 'ആടുകളെയും, ഒട്ടകങ്ങളെയും മേക്കുന്ന വിദേശ തൊഴിലാളികൾ, മനുഷ്യരെ കാണാതെ ചിത്തഭ്രമങ്ങള്‍ക്ക് അടിമപ്പെടുന്നുവെങ്കിൽ' യാന്ത്രികമായ ജീവിതത്തിലൂടെ നടന്നു നീങ്ങുന്ന ഒട്ടകങ്ങളുടെ നിസ്സംഗ ഭാവത്തിലെത്തുന്ന ഭൂരിഭാഗം പ്രവാസ ജീവനുകളും വിഷാദ രോഗത്തിന്റെ മണല്‍പരപ്പിലാണിന്ന് മേഞ്ഞു നടക്കുന്നത്. മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്ക് വലിച്ചു കെട്ടിയിരിക്കുന്ന പാമ്പിന്റെ രണ്ടറ്റങ്ങൾ, ഒരിക്കലും കൂട്ടിമുട്ടാത്ത പ്രവാസ ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ തന്നെയല്ലേ?. സാഹചര്യത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ ജീവിതം ഹോമിച്ചവരുടെ പ്രതീകമാകുന്നു, പെരുമ്പാമ്പിന്റെ ഉദരത്തില്‍ നിന്നും പുറത്തു വീണ 3 ദിവസം പഴക്കമുള്ള നേപ്പാളിയുടെ ശരീരം. 'ജീവന്‍ വെടിഞ്ഞുവെങ്കിലും ആ ശരീരം പുനര്‍ജന്മം കാമിച്ചിരിക്കുന്നു. വിടര്‍ന്നു നിൽക്കുന്ന കാലുകള്‍ എഴുന്നേറ്റ് കുതിക്കുവാന്‍ മോഹിച്ചിരിക്കുന്നുവെന്ന് വ്യക്തമാണ്' അതെ.. ഭൂരിപക്ഷം വരുന്ന പ്രവാസ മയ്യിത്തുകളുടെ പാദങ്ങള്‍ വീണ്ടുമൊരു അശ്വമേധത്തിനായ് കൊതിക്കുന്നുവെന്നതെത്രെയോ സത്യം!!!

മൂന്നാം അദ്ധ്യായത്തില്‍ നിന്നും മുന്നോട്ടുള്ള വായന തികച്ചും വ്യത്യസ്തമാകുന്നു. ഒരു ചരിത്ര പഠിതാവിനെ പോലെ സൂക്ഷ്മമായ നിരീക്ഷണത്തോടെയുള്ള കാല്‍വെപ്പുകൾ കല്ലുകളും, ഫോസിലുകളും, നിറവ്യത്യാസമുള്ള കുന്നുകളും, കൃഷികളും, മണല്‍ക്കാറ്റും, കിണറുകളും, വറ്റിപ്പോയ സമുദ്രങ്ങളുമെല്ലാം ആധികാരിക രേഖകള്‍ക്കൊപ്പം ചേര്‍ത്തു വായിക്കാവുന്ന രീതിയില്‍ കൃത്യമായി ക്രമപ്പെടുത്തിയിരിക്കുന്നു.

അചേതനങ്ങളായ കാഴ്ചയുടെ ഭാഷാ നിഘണ്ടുവായ ശിലകളില്‍ നിന്നും, 7,50,00 വര്‍ഷം ജീവന് പഴക്കമുള്ള അല്‍ നമൂദ് മരുഭൂമിയിലൂടെ ജോര്‍ദാന്‍ അതിര്‍ത്തി വരെയുള്ള യാത്ര നിലാവ് കോരിക്കുടിക്കുന്ന കള്ളിമുള്‍ ചെടിക്കരികിലാണ് തല്‍ക്കാലമവസാനിക്കുന്നത്. ദൈവ സൃഷികളായ ചെടികള്‍ക്കും വികാരങ്ങളുണ്ട്. അതുകൊണ്ടാണ് അവക്കരുകില്‍ നില്‍ക്കുമ്പോള്‍ ഇലകളും, മുള്ളുകളും എഴുന്നേറ്റ് നില്ക്കുന്നതെന്ന് മരുഭൂമിയുടെ നിത്യകാമുകന്മാരായ ബദുക്കള്‍ പറയുന്നു. പ്രപഞ്ചത്തെ കുറിച്ച് ഒരു ധാരണയും ഇല്ലാത്ത എനിക്കീയറിവ് കൗതുകങ്ങളിലൊന്നു മാത്രമായിരുന്നു. യൂറോപ്പിലേക്ക് മരുഭൂമിയില്‍ നിന്നും പുഷ്പങ്ങള്‍ കയറ്റി അയക്കുന്നുവെന്നു കേട്ടാല്‍ അത്ഭുതപ്പെട്ടേക്കാം. പക്ഷേ തബൂക്കിലെ ആസ്ട്രാ തോട്ടത്തിലെ പൂ കൃഷികള്‍ പോലെ, പുറം ലോകമറിയാത്ത കൃഷിയുടെ വിജയഗാഥകള്‍ മരുക്കാട്ടില്‍ നീരുറവ നല്‍കിയ അനുഗ്രഹങ്ങളാണ്.

മരങ്ങളില്ലാത്ത കാട്ടിലൂടെ, മദായിന്‍ സാലിഹിലെ പാറകൾ തുരന്നുണ്ടാക്കിയ വീടുകളും, കൊത്തിവെച്ച ശില്‍പ്പങ്ങളും, അല്‍ ഉലായിലെ ശിലാലിഖിതങ്ങളും, ശിലാചിത്രങ്ങളും, വിശ്വാസങ്ങളുമെല്ലാം കണ്ടും, പകര്‍ത്തിയും യാത്ര വീണ്ടും തുടരുകയാണ്. കിഴക്കന്‍ റിയാദിലെ ഖുറൈഷ് മലനിരകളുടെ താഴ്‌വാരത്തിലെ, ഫോസില്‍ പാടങ്ങളിലെത്തുമ്പോള്‍ മുസഫര്‍ ഇങ്ങനെ കുറിക്കുന്നു 'ഫോസിലുകളെക്കുറിച്ച് പഠിക്കണമെങ്കില്‍ അത് സംബന്ധിച്ച് നല്ല അറിവുള്ളവര്‍ ഈ പ്രദേശം സന്ദര്‍ശിക്കണം. അത്തരം കാര്യങ്ങളില്‍ വലിയ വിവരമില്ലാത്തവര്‍ക്ക് ഫോസില്‍ പാടങ്ങളുടെ അനന്ത വിസ്മയം കണ്ടു നില്‍ ്ക്കാന്‍ മാത്രമേ സാധിക്കൂ' അതു പോലെതന്നെയാണ് വായനക്കാരന്റെയും അവസ്ഥ. ചരിത്ര വസ്തുതകള്‍ പ്രത്യേകിച്ചും ഭൂമിശാസ്ത്ര പരമായ ശേഷിപ്പുകളെക്കുറിച്ചൊന്നും താല്‍പ്പര്യമില്ലാത്തവര്‍ക്ക് തികച്ചും വിരസമായ വായനയാണ് ഈ ഭാഗങ്ങളില്‍ നിന്നെല്ലാം ലഭിക്കുക. മറിച്ചാണെങ്കില്‍ അറിവിന്റെ പുത്തന്‍ വാതായനങ്ങളാകും ഓരോ യാത്രകളും. പക്ഷെ കൂടെ യാത്ര ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്, മുന്‍പ് പറഞ്ഞു വെച്ച അദ്ധ്യായങ്ങളുടെ പേരുകളിലെ നിഗൂഢമായ സൗന്ദര്യമായിരുന്നു.

ഒരു കഥാപാത്രത്തിന്റെ പേരില്‍ ഇന്നും നില നില്‍ക്കുന്ന അല്‍ഫലാജ് നാട്ടിലൂടെ, ലൈലാ മജ്‌നുവിന്റെ പ്രണയ കാവ്യവും മൂളി കടന്നെത്തുന്നത് റിയാദിലുള്ള 'ഭൂമി അപ്രത്യക്ഷമായ മുനമ്പിലാണ്' എഡ്ജ് ഓഫ് ദ വേള്‍ഡില്‍ നിന്നും 300 മീറ്റര്‍ താഴെ ആലസ്യത്തില്‍ മയങ്ങുന്ന ഭൂമിയെ കണ്ട ശേഷം, അക്കേഷ്യ വാലിയിലൂടെ മലയിറങ്ങുന്നത്, ലോകത്തിലെ ഏറ്റവും വലിയ മരുപ്പച്ചയായ അല്‍ ഹസ്സയിലേക്കാണ്. 'ഗൂഢ ലിപികളില്‍ ആലേഖനം ചെയ്ത ജലഭൂപട'മെന്ന ഈ അദ്ധ്യായത്തില്‍, മരുപ്പച്ചയിലെ പ്രകൃതി സൗന്ദര്യത്തെയും, വിഭവങ്ങളെയും, മുന്‍പുണ്ടായിരുന്ന ജനജീവിതത്തെ കുറിച്ചും, മണല്‍ പാറകളെക്കുറിച്ചുമെല്ലാം വളരെ വിശദമായി തന്നെ പ്രതിപാദിക്കുന്നു.

തേനിന്റെ മണമുള്ള അബഹ നാട്ടുവഴിയിലെത്തിയപ്പോള്‍ എനിക്കും സന്തോഷം തോന്നിത്തുടങ്ങി. കാരണം 'ദിശ തെറ്റിയാല്‍ മരണം മാടി വിളിക്കുന്ന സ്ഥലം കൂടിയാണ് മരുഭൂമി. വിജനമായ പ്രദേശത്തിലൂടെ ഗ്രാവിറ്റി റോക്‌സിലേക്കുള്ള യാത്രക്കിടയിൽ, ഹുങ്കാര താണ്ഡവമാടിയെത്തിയ മരുക്കാറ്റിനൊപ്പം പ്രാണനും പറന്നു പോയെന്ന് ഉറച്ച നിമിഷങ്ങളില്‍ നിന്നും ജനവാസമുള്ള നഗര പ്രാന്തങ്ങളിലേക്ക് മുസഫര്‍ തിരിച്ചിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു.

ലോകത്തിന്റെ ഞെരമ്പ് പാഞ്ഞ നഗരത്തില്‍ നിന്നും വായന വീണ്ടും മറ്റൊരു തലത്തിലേക്ക് തിരിയുകയാണ്. അറേബ്യയുടെ ഭൂപടത്തില്‍ യശസ്സുയര്‍ത്തി നില്‍ക്കുന്ന മക്കയുടെയും, മദീനയുടെയും പാതകളിലൂടെ യാത്രചെയ്യുമ്പോള്‍ മുസഫര്‍ നമ്മോട് പങ്കു വെക്കുന്നത് പോയകാലത്തിലെ തിളങ്ങുന്ന ഇസ്ലാമിക ചരിത്രം മാത്രമല്ല, ആ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരികതയും, ഭൂപ്രകൃതിയെ കുറിച്ചും കൂടിയാണ്.

ഹറമിലെയും, മദീന പള്ളിയിലെയും ബാങ്കൊലികളും, ഹജ്ജിന്റെ സ്മരണകളും, ഹൃദയത്തിന്നടിത്തട്ടിലൊരു കുളിര്‍മ്മയായി നിറയുമ്പോഴും ഒരിക്കലും മറക്കാനാകാത്ത വരികള്‍ അറഫയെ കുറിച്ചുള്ളവയാണ്. 'ഹജ്ജ് സമയം കഴിഞ്ഞ് ഒരിക്കല്‍ അതു വഴി പോയപ്പോള്‍ മണലില്‍ മായാതെ കിടക്കുന്ന തീര്‍ഥാടകരുടെ കാലടികള്‍ക്കായി പരതി നോക്കിയിട്ടുണ്ട്. അവ മാഞ്ഞിരിക്കുന്നു. കാറ്റെടുത്തതായിരിക്കണം. പുതിയ കാലടികള്‍ക്കായി ആ മരുപ്രദേശം ഓരോ ഹജ്ജിനു ശേഷവും കാത്തിരിക്കുന്നു.' ഒരു നിമിഷത്തേക്ക് എന്റെ കണ്ണുകള്‍ നിറഞ്ഞു, അധരങ്ങളില്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളും. ഇനി പതിയാനിരിക്കുന്ന കാലടിപ്പാടുകളില്‍ എന്റേതു കൂടിയുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ഞാനാഗ്രഹിച്ചു പോയി പ്രിയ മുസഫർ.

ആത്മകഥയുടെ അവസാന താളുകളിലേക്ക് എത്താന്‍ തുടങ്ങിയിരിക്കുന്നു. അതിനു മുമ്പ് കാറ്റിന്റെ ഗതിക്കനുസരിച്ച് കടല്‍ പോലെ ഒഴുകുന്ന റുബുല്‍ ഖാലിയും, താഴ്‌വരകളുടെ നാടായ നജ്‌വാനും, വിശ്വാസികളെ തീയിലേക്ക് വലിച്ചെറിഞ്ഞ അല്‍ ഉഖൂദും (കിടങ്ങ്) കൂടി മുറിച്ചു കടക്കേണ്ടതുണ്ട്.

അതിശയോക്തി നിറഞ്ഞ കഥകള്‍ക്കും, മന്ത്രവാദങ്ങള്‍ക്കും ഫലഭൂയിഷ്ടമായ കാലാവസ്ഥയായിരുന്നു സഞ്ചരിച്ച ഓരോ പ്രദേശങ്ങളും. റുബുല്‍ ഖാലിയില്‍ എത്തുമ്പോള്‍ മാത്രമാണ് മനുഷ്യരെ ഉപദ്രവിക്കാത്ത ജിന്നുകളെക്കുറിച്ച് ചെറിയ രീതിയിലെങ്കിലും പരാമര്‍ശിക്കുന്നത്. ലേഖകന്‍ ബോധപൂര്‍വ്വം ഒഴിവാക്കിയതാവാം ഈ കെട്ടിച്ചമക്കലുകള്‍. ഇത്തരം കഥകള്‍ വായനയെ ഹരം കൊള്ളിക്കുമായിരുന്നെങ്കിലും ചരിത്ര രേഖകള്‍ക്കിടയില്‍ അതൊരു കല്ലുകടിയായി മാറുമായിരുന്നു.

ചരിത്രങ്ങള്‍ക്കിടയിലും സമകാലികമായ പല കാര്യങ്ങളും മുസഫര്‍  പരാമര്‍ശിക്കുന്നുണ്ട്. ഏറെക്കാലം പത്രങ്ങളില്‍ നിറഞ്ഞു നിന്ന രണ്ടുമുഖങ്ങള്‍ ഇതില്‍ വേറിട്ടു നില്ക്കുന്നു. തന്റെ ശരീരത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ കാമത്തിന്റെ കഴുകന്‍ കണ്ണുകളുമായി വിടാതെ പിന്തുടര്‍ന്നവന്റെ തലച്ചോറിലേക്ക് നിറയൊഴിച്ച ഭര്‍തൃമതിയായ സമീറ അമൽ, ആധുനിക നഗരത്തിന്റെ നിഴലുകള്‍ക്കടിയിലെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളും, ദാരുണമായ ജീവിതങ്ങളും നേരിട്ടറിയുന്നതിനും പകര്‍ത്തുന്നതിനും വേണ്ടി വേഷം മാറി നടക്കുന്ന പത്രപ്രവര്‍ത്തകന്‍ ഇസ്സാം അല്‍ ഗാലിബിനെയും നമുക്കു പരിചയപ്പെടുത്തുന്നു. ഇതുപോലുള്ള നിരവധി കൊച്ചു കൊച്ചു കാര്യങ്ങളോരോന്നും തന്നെ ഓരോ മരുപ്പച്ചകളായി മാറുന്നു താളുകളിലുടനീളം.

156 മത്തെ പേജും വായിച്ചു തീര്‍ന്നിരിക്കുന്നു. ദീര്‍ഘ നിശ്വാസത്തോടെ, മനസ്സുതൊട്ട ആനന്ദത്തോടെ ഞാനെന്റെ കണ്ണുകള്‍ ഇറുക്കിയടച്ചു. പറഞ്ഞു തീര്‍ന്ന ചരിത്രങ്ങളും, നടന്നു കയറിയ കുന്നുകളും, ഊര്‍ന്നിറങ്ങിയ താഴ്‌വരകളും മാത്രമായിരുന്നില്ല വായനക്കൊടുവില്‍ എന്നിലവശേഷിച്ചത്. ഇവയെല്ലാം സസൂക്ഷമം കോര്‍ത്തെടുത്ത മനോഹരമായ ഭാഷയും, ശൈലിയും മനസ്സില്‍ ഓളം വെട്ടിനില്‍ക്കുന്നു. ഖലീല്‍ ജിബ്രാന്റെ അനുഗ്രഹീതമായ തൂലികത്തുമ്പിലെ ഭാഷാപ്രയോഗങ്ങള്‍ പോലെ, വായനക്കാരനെ പിടിച്ചിരുത്തുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ മരുഭൂമിയുടെ ആത്മകഥയില്‍ മുസഫര്‍ അഹമ്മദിന്റെ കയ്യൊപ്പായി പതിഞ്ഞു കിടക്കുന്നു. 'ദുരൂഹമായ ഭാഷയില്‍ കല്ലുകള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. അവയുടെ ചുണ്ടില്‍ നിന്ന് വാക്കുകല്‍ അടരുന്നുണ്ട്. ഇല വീഴുമ്പോലെ, പതിയെ തിരിച്ചറിയാന്‍ കഴിയാത്ത ഭാഷയിലുള്ള വാക്കുകള്‍.എഴുതപ്പെടാത്ത താളുകള്‍ എങ്ങും പരന്ന് കിടക്കുന്ന പോലെ ശിലകള്‍ ചരിത്രത്തിന്റെ ചില മൗനനിമിഷങ്ങള്‍ കുടിച്ച് മയങ്ങിക്കിടക്കുന്നു. നടന്ന് നടന്ന് മടുത്തിട്ടോ തളര്‍ന്നപ്പോള്‍ വിശ്രമിച്ചിട്ടോ എങ്ങിനെയാണ് ഇത്രയും കല്ലുകള്‍ ഇവിടെയിങ്ങനെ കല്ലിച്ച് നില്ക്കുന്നത് എന്ന് വ്യക്തമല്ല 'നിറഞ്ഞു നില്‍്ക്കുന്ന ഈ ഭാഷാ സമ്പന്നതക്ക് 2010ല്‍ ലഭിച്ച സാഹിത്യ അക്കാദമി അവാര്‍ഡ് തികച്ചും അര്‍ഹതക്കുള്ള അംഗീകാരം തന്നെയാണ്.
പ്രിയ മുസഫര്‍ അഹമ്മദ്, 'മരുഭൂമി താണ്ടാന്‍ കരുത്തുള്ള പേശികളുമായി താങ്കള്‍ വീണ്ടും വരുമെന്നറിയാം 'അന്ന് ഞാനുമുണ്ടാകും താങ്കള്‍ക്കൊപ്പം. നിലാവുള്ള രാത്രിയില്‍ ഈന്തപ്പന തോട്ടത്തില്‍ കഹ്‌വയും മൊത്തിക്കുടിച്ച് മരുഭൂമിയുടെ വശ്യത നുകരുവാന്‍...........

മഴവില്ല് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിച്ചത്.. www.mazhavill.com

38 comments:

  1. പരിചയപ്പെടുത്തൽ അല്ല, വായനയിൽ നിറഞ്ഞു നിന്ന നിമിഷങ്ങളുടെ മനോഹാരിത രേഖപ്പെടുത്തുന്നുവെന്നു മാത്രം.

    ReplyDelete
  2. ഇതൊരു നല്ല കുറിപ്പും നല്ല ഒരു പരിചയപ്പെടുത്തലും തന്നെ... നന്ദി, ഈ കുറിപ്പിന്.

    ReplyDelete
  3. ഇദേഹത്തിന്റെ രചനകളെ കുറിച്ച് മുമ്പും വായിച്ചറിഞ്ഞിട്ടുണ്ട് നമ്മുടെയെല്ലാം സുഹൃത്ത് മന്സൂര്‍ക്ക ഈ അടുത്ത കാലത്ത് സമ്മാനമായ്‌ തന്നിട്ടുമുണ്ട് ഇദേഹത്തിന്റെ ഒരു ബുക്ക്‌ .എങ്കിലും ജെഫുക്കാടെ ഈ പരിചയപ്പെടുത്തലില്‍ അറിയുന്നുണ്ട് രചന എത്രമാത്രം ഹൃദയത്തെ സ്പര്‍ശിച്ചു എന്ന് .അതിലെ ഓരോ രംഗവും മനസ്സില്‍ നിന്ന് മായാതെ അക്ഷര ങ്ങളായി മാറ്റാന്‍ മനസ്സ് കൊതിച്ചില്ലേ ..? അത് തിരിച്ചറിയുന്നുണ്ട് ഈ വിലയിരുത്തലിലും അവതരണ രീതിയിലും ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  4. സത്യം പറഞ്ഞാല്‍ വളരെയധികം കേട്ടിട്ടുണ്ടെങ്കിലും ഈ പുസ്തകം വായിച്ചിട്ടേയില്ല. ഇനി നോക്കട്ടെ

    ReplyDelete
  5. പുസ്തകത്തിന്‍റെ മനോഹാരിത ഒപ്പിയെടുത്ത് പരിചയപ്പെടുത്തലിലൂടെ
    മറ്റുള്ളവരിലേക്കും എത്തിച്ചതില്‍ നന്ദിയുണ്ട്.
    തിര്‍ച്ചയായും ഞാനും ആ പുസ്തകം വാങ്ങി വായിക്കും.
    ആശംസകളോടെ

    ReplyDelete
  6. മയിലുകൾ സവാരിക്കിറങ്ങിയ താഴ്വരയിലൂടെ എന്ന ബുക്ക് എന്റെ മേശപ്പുറത്തുണ്ട്...

    ഇപ്പോ മുസാഫറിന്റെ മറ്റൊരു ബുക്കിനെ കുറിച്ചുള്ള ജെഫിന്റെ ഈ ലേഖനം വായിച്ചപ്പോ, എന്റെ പല യാത്രകൾക്കും ഞാനറിയാത്ത എത്രയോ അർത്ഥങ്ങൾ കൂടിയുന്നത് വീണ്ടും ഓർമ്മിപ്പിക്കുന്നു...

    നന്ദി.... ആശംസകൾ

    ReplyDelete
  7. സുപ്രഭാതം..

    നന്ദി...നല്ല വായനയും നൽകിയിരിക്കുന്നൂ..!

    ReplyDelete
  8. അടുത്ത കാലത്ത് വായിച്ച മനോഹരമായ പുസ്തകം ആണിത്. ആകര്‍ഷണീയമായ ശൈലിയാണ് മുസഫര്‍ അഹമ്മദിന്‍റെ പ്രത്യേകതയും. നല്ലൊരു വായനയാണ് ജെഫുവും നടത്തിയിരിക്കുന്നത് .

    ReplyDelete
  9. വായിക്കണം,
    സുഹൃത്തിന്റെ സുന്ദരമായ പരിചയപ്പെടുത്തലും.

    ReplyDelete
  10. വളരെ ആഴത്തില്‍ രേഖപ്പെടുത്തിയ വിശകലനം.ആശംസകളോടെ

    ReplyDelete
  11. മുസഫര്‍ അഹമ്മദിന്‍റെ ഒരു പുസ്തകത്തെക്കുറിച്ച് ചെറുവാടിയും നേരത്തെ എഴുതിയത് വായിച്ചിരുന്നു. ഇവിടെ ഇപ്പോള്‍ മരുഭൂമിയില്‍ ജീവിച്ചിട്ടും മരുഭൂമിയെക്കുറിച്ച് ഇതുവരെ ഒന്നും അറിയില്ലല്ലോ എന്ന് ജെഫുവിന്റെ വിശകലനം വായിച്ചപ്പോള്‍ തോന്നിപ്പോയി. പുസ്തകം വായിച്ചത് പോലുള്ള അനുഭവം വിവരണം തന്നു.

    ReplyDelete
  12. മിനിപിസി13 February 2013 at 23:45

    ജെഫു വളരെ ആഴത്തില്‍ തന്നെ ആ വായനാനുഭവം പങ്കു വെച്ചിരിക്കുന്നു ....ആശംസകള്‍ !

    ReplyDelete
  13. എനിക്കൊകെ ഇത് ഒരു പരിചപ്പെടുത്തൽ തന്നെ ജെഫൂ

    ReplyDelete
  14. നല്ല പരിചയപ്പെടുത്തല്‍

    ReplyDelete
  15. വായിക്കണം....ഇഷ്ടമായി പരിചയപ്പെടുത്തല്‍

    ReplyDelete
  16. ആട് ജീവിതത്തിനു ശേഷം ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്ത ഒരു പുസ്തകമായിരുന്നു മരുഭൂമിയുടെ ആത്മ കഥ , സൌദി അറേബ്യയിലെ വിവിധ സ്ഥലങ്ങളില്‍ കൂടിയുള്ള മുസാഫരിന്റെ യാത്രകള്‍ ഓരോ അധ്യായത്തിലും വായനക്കാരെ പിടിച്ചിരുത്താന്‍ മാത്രം ശക്തമായതാണു . ജെഫു ആ വായനയെ ഗൌരവമായി തന്നെയെടുത്തു എന്ന് ഈ വിലയിരുത്തലില്‍ മനസ്സിലായി ...നന്ദി ഈ പരിചയപ്പെടുത്തലിന് ,

    ReplyDelete
  17. പുസ്തകം മനോഹരം, ഈ പരിചയപ്പെടുത്തല്‍ അതി മനോഹരം. മുസഫരിന്റെ പുസ്തകത്തിന്റെ ആത്മാവ് ആവാഹിച്ചെടുത്ത അവലോകനം. ഏറെ ഹൃദ്യമായി

    ReplyDelete
  18. നല്ലൊരു പരിചയപ്പെടുത്തൽ, പരിചയപ്പെടുത്തൽ പുസ്തകം വായിക്കാൻ മോഹിപ്പിക്കുന്നു.,
    വായിക്കണം ഈ പുസ്തകം..

    ReplyDelete
  19. വളരെ നല്ല ഒരു പുസ്തക പരിചയം ..
    ഇനി ഇത് എവിടെ നിന്ന് കിട്ടും എന്നന്വേക്ഷിക്കട്ടെ...

    ReplyDelete
  20. ഒരു പുസ്തകത്തെ അതിന്റെ വായനാസൗന്ദര്യത്തില്‍ ഊന്നി നിന്നുകൊണ്ട് എങ്ങനെ പരിചയപ്പെടുത്താം ഒട്ടും അതിശയോക്തികളില്ലാതെ എന്നതിന് ഇവിടെ ജെഫു മാതൃകയാകുന്നു.

    ReplyDelete
  21. ഇത് വായിച്ചിട്ടില്ല ഇനി പുസ്തകങ്ങള്‍ തിരയുമ്പോള്‍ ഇതും കൂടെ ഒന്ന് തിരയണം

    ReplyDelete
  22. വായിച്ചിട്ടില്ല. പുസ്തക പരിചയം അസ്സലായിട്ടുണ്ട്.

    ReplyDelete
  23. ഇത്തവണ നാട്ടില്‍ പോയാല്‍ ഇത്തരം കുറെ പുസ്തകങ്ങള്‍ വാങ്ങിക്കണം..നല്ല പരിചയപ്പെടുത്തല്‍ ജെഫൂ ഭായീ...

    ReplyDelete
  24. പുസ്തകം വായിച്ചിരുന്നു. നല്ല ഭാഷ കൊണ്ട് ജെഫുവിന്റെ പരിചയപ്പെടുത്തല്‍ മറ്റൊരു നല്ല വായനാനുഭവമായി.

    ReplyDelete
  25. പുസ്തകം വായിച്ചിട്ടില്ല. നല്ല പരിചയപ്പെടുത്തല്‍. തീര്‍ച്ചയായും വായിക്കാന്‍ ശ്രമിക്കാം.

    ReplyDelete
  26. ഫൈസൽ പറഞ്ഞതുപോലെ, ഞാൻ ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത പുസ്തകങ്ങളാണ് ആടുജീവിതവും, മരുഭൂമിയുടെ ആത്മകഥയും. പുസ്തകത്തിന്റെ ആത്മാവ് എന്തെന്ന് വായനക്കാരെ അറിയിക്കുന്നു ജെഫുവിന്റെ പരിചയപ്പെടുത്തൽ.

    ReplyDelete
  27. പരിചയപ്പെടുത്തിയതിനു നന്ദി മാഷേ

    ReplyDelete
  28. നന്നായി എഴുതി.
    പുസ്തകത്തെ പോലെ ആസ്വാദനവും...
    പ്രവാസിയുടെ കുറിപ്പുകള്‍ (ബാബു ഭരദ്വാജ് ) വായിച്ചിരുന്നോ?

    ReplyDelete
  29. ജെഫുവിന്റെ അവലോകലനം തികച്ചും അവസരോചിതവും മൌലികവും ..മരുഭൂമിയുടെ ആത്മകഥയിലൂടെ സഞ്ചരിക്കുമ്പോള്‍ ജെഫുവിന്റെ വായന എത്ര ആഴത്തിലാണു നടന്നതെന്നു മനസ്സിലാകും ..അത്രയും ആത്മാര്‍ത്ഥമായും ഗ്രന്ഥകാരനോട് നീതി പുലര്‍ ത്തിയുമാണു ജെഫു ഓരോ അധ്യായങ്ങളേയും പരിചയപ്പെടുത്തിയത്.."ദിശ തെറ്റിയാല്‍ മരണം മാടി വിളിക്കുന്ന ഒരു ഭൂമികയാണ്.മരുഭൂമി.".എത്ര വാസ്തവം ഈ വജ്രമൂര്‍ച്ചയുള്ള നിരീക്ഷണം ..മുസഫറിന്റെ ഈ ഗ്രന്ഥം മലയാള സാഹിത്യത്തിലെ ഒരു മുതല്‍ കൂട്ടാണെന്നു നിസ്സംശയം പറയാനാകും ..അദ്ദേഹത്തിനു അര്‍ഹമായ അംഗീകാരമാണു പുരസ്ക്കാരത്തിലൂടെ കൈവന്നത്.."മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ "ഞാന്‍ തുറന്നു വെച്ചിരിക്കുന്നു..ആ അക്ഷര വിസ്മയത്തിലൂടെ ഊളിയിടാന്‍ എനിക്ക് നേരമായിരിക്കുന്നു...നല്ലൊരു വായന സമ്മാനിച്ച ജെഫുവിനു അനുമോദനങ്ങള്‍ ..ജെഫുവിന്റെ ഭാഷക്ക് കൂടുതല്‍ കരുത്ത് കൈവന്നിരിക്കുന്നു എന്നു സ്നേഹത്തോടെ അറിയിക്കട്ടെ..

    ReplyDelete
  30. ജെഫു,
    ആശംസകള്‍ ..
    നല്ലൊരു ആസ്വാദനവും വായനാനുഭവവും പങ്കുവെച്ചതിന്‌

    ReplyDelete
  31. നല്ല പരിചയപ്പെടുത്തല്‍

    ReplyDelete
  32. ആര്‍ത്തിയോടെ വായിച്ച പുസ്തകമാണ്.
    ഈ ആസ്വാദനം അതിനെ കൂടുതല്‍ സാന്ദ്രമാക്കി

    ReplyDelete


  33. പ്രിയ ജെഫു,

    ഈ ആസ്വാദനക്കുറിപ്പ് വളരെ നന്നായി ഇനിയാണ് എന്നെപ്പോലുള്ളവര്‍ ആ പുസ്തകം വായിക്കേണ്ടത്. അത് നന്നായി. അരച്ച് കലക്കി കുടിച്ച ജെഫുവിന്റെ എഴുത്ത് ശൈലിയില്‍ പുസ്തകം വായിക്കണമെന്ന ആശ ഏറി വരുന്നു.'ഹജ്ജ് സമയം കഴിഞ്ഞ് ഒരിക്കല്‍ അതു വഴി പോയപ്പോള്‍ മണലില്‍ മായാതെ കിടക്കുന്ന തീര്‍ഥാടകരുടെ കാലടികള്‍ക്കായി പരതി നോക്കിയിട്ടുണ്ട്. അവ മാഞ്ഞിരിക്കുന്നു. കാറ്റെടുത്തതായിരിക്കണം. പുതിയ കാലടികള്‍ക്കായി ആ മരുപ്രദേശം ഓരോ ഹജ്ജിനു ശേഷവും കാത്തിരിക്കുന്നു.'

    'ദുരൂഹമായ ഭാഷയില്‍ കല്ലുകള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. അവയുടെ ചുണ്ടില്‍ നിന്ന് വാക്കുകല്‍ അടരുന്നുണ്ട്. ഇല വീഴുമ്പോലെ, പതിയെ തിരിച്ചറിയാന്‍ കഴിയാത്ത ഭാഷയിലുള്ള വാക്കുകള്‍.എഴുതപ്പെടാത്ത താളുകള്‍ എങ്ങും പരന്ന് കിടക്കുന്ന പോലെ ശിലകള്‍ ചരിത്രത്തിന്റെ ചില മൗനനിമിഷങ്ങള്‍ കുടിച്ച് മയങ്ങിക്കിടക്കുന്നു. നടന്ന് നടന്ന് മടുത്തിട്ടോ തളര്‍ന്നപ്പോള്‍ വിശ്രമിച്ചിട്ടോ എങ്ങിനെയാണ് ഇത്രയും കല്ലുകള്‍ ഇവിടെയിങ്ങനെ കല്ലിച്ച് നില്ക്കുന്നത് എന്ന് വ്യക്തമല്ല... ഈ വരികള്‍ ആ പുസ്തകത്തിലേയ്ക്ക് കൂടുതല്‍ എന്നെ വലിച്ചടുപ്പിയ്ക്കുന്നു.
    നന്ദി ഈ പോസ്റ്റിനു. ആശംസകള്‍.

    ReplyDelete
  34. പുസ്തക പരിചയം ഹൃദ്യമായി ..ഭാവുകങ്ങള്‍!!!

    ReplyDelete
  35. പരിചയപ്പെടുത്തിയപ്പോള്‍ തന്നെ ഒരു കാവ്യഭാഷയുടെ ഈണം തോന്നി. ആ പുസ്തക മണല്‍ മടക്കുകളിലൂടെ സഞ്ചരിക്കുവാന്‍ ധൃതിയാകുന്നു.

    ReplyDelete
  36. മനോഹരമായ അവലോകനം. ശരിക്കും പുസ്തകത്തെ അനുഭവിപ്പിച്ചു. ഒത്തിരി അഭിനന്ദനങ്ങള്‍.

    ReplyDelete
  37. ഇത്ര ആഴത്തിലുള്ള ഒരു അവലോകനം പറയുന്നുണ്ട് ജെഫു മരുഭൂമിയുടെ ആത്മകഥയുടെ വായന മനസ്സില്‍കൊത്തിവെച്ചിരിക്കുന്നത് എത്ര സൂക്ഷ്മമായാണെന്ന്. ഗൌരവപൂര്‍ണ്ണമായ ഈ വായനാരീതി തികച്ചും അഭിനന്ദനാര്‍ഹമാണ്. കൊതിപ്പിക്കുന്ന വാക്ക്ചാതുര്യത്താല്‍ മലയാളയാത്രാവിവരണ ശാഖയ്ക്ക് മുതല്‍ക്കൂട്ടായ മരുഭൂമിയുടെ ആത്മകഥ അര്‍ഹിക്കുന്ന അവലോകനം.

    ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..